ഓസ്കർ പുരസ്കാരങ്ങൾ കഴിഞ്ഞാൽ ലോകസിനിമയിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഗോൾഡൻ ഗ്ലോബ്. യുഎസിലെ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന ഉന്നത പുരസ്കാരമാണിത്. രാജ്യാന്തര സിനിമാ–ടെലിവിഷൻ പ്രതിഭകളെ ആദരിക്കാൻ 1943ലാണ് ഈ ഉന്നത പുരസ്കാരം ഏർപ്പെടുത്തിയത്. നൂറോളം വരുന്ന വിനോദ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എച്ച്പിഎഫ്എ കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി ചലച്ചിത്ര-ടെലിവിഷന്‍ മേഖലയിലെ മികച്ച പ്രതിഭകളെ കണ്ടെത്തി പുരസ്‌കാരം നല്‍കി വരുകയായിരുന്നു. എന്നാല്‍ അടുത്തിടെയായി അസോസിയേഷൻ തുടര്‍ച്ചയായി വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു .ഇതിനെത്തുടർന്ന് ഗോള്‍ഡന്‍ ഗ്ലോബ് സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ ശേഷം ഫോറിന്‍ പ്രസ്സ് അസോസിയേഷൻ ഇപ്പോൾ പിരിച്ചു വിട്ടിരിക്കുകയാണ് .